പരിവർത്തനം
സ്വന്തം നാടുവിട്ടു വേറെയെങ്ങും പോയിട്ടില്ലാത്ത, തികച്ചും സാധാരണക്കാരനായ ഒരാളായിരുന്നു ബാപ്പുട്ടി. ചെറുപ്പം മുതൽ കണ്ടതും കേട്ടതും പഠിച്ചതുമെല്ലാം അന്ധവിശ്വാസങ്ങളുടെയും, അനാചാരങ്ങളുടെയും പാഠങ്ങളായിരുന്നതിനാൽ ഒരു യാഥാസ്ഥിതിക ചിന്താഗതിക്കാരനായിട്ടാണ് ബാപ്പുട്ടി വളർന്നത്. പട്ടിണിയും പരിഭവവും ഇല്ലാത്ത ഒരു ഇടത്തരം കുടുംബത്തിലെ മൂത്തയാളാണ് ബാപ്പുട്ടി. ഇളയ സഹോദരങ്ങളുടെ വിവാഹങ്ങൾ കൂടി കഴിഞ്ഞപ്പോൾ വീട്ടിൽ അല്പം അസൗകര്യം ഉണ്ടായിത്തുടങ്ങി. അതിനാൽ പിതാവ് നൽകിയ അഞ്ചു സെന്റ് ഭൂമിയിൽ സ്വന്തമായി ഒരു വീടുവെച്ച് താമസം മാറ്റണമെന്ന് ബാപ്പുട്ടി ആഗ്രഹിച്ചു. പക്ഷെ, അതിനുള്ള പണമൊന്നും തന്റെ കൈവശമില്ലതാനും. പിന്നെ എന്തുചെയ്യും?. അങ്ങനെയാണ് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും നിർദ്ദേശ പ്രകാരം ഗൾഫിലേക്ക് പോകാൻ തീരുമാനിച്ചത്.
"വിസയും പാസ്പോർട്ടുമെല്ലാം എടുത്തില്ലേ ബാപ്പുട്ട്യെ?." ഇറങ്ങാൻ നേരത്ത് കൂട്ടുകാരുടെ ഓർമ്മപ്പെടുത്തൽ. "ആ... എല്ലാം എട്ത്തക്ക്ണ്" കരഞ്ഞുകലങ്ങിയ കണ്ണ് തുടച്ചുകൊണ്ട് ബാപ്പുട്ടി മറുപടി പറഞ്ഞു. "അൽ-ഫാതിഹ" പള്ളിയിൽ പുതുതായി ചാർജെടുത്ത മുസ്‌ല്യാർ ഫാത്തിഹ നീട്ടിവിളിച്ചു. ദുആയും തുടങ്ങി. ഇറങ്ങാൻ നേരത്ത് മുസ്‌ല്യാർ നിർദ്ദേശിച്ചപോലെ വീടിന്റെ ഉമ്മറപ്പടിയിൽ ഇടതു വലതു ഭാഗങ്ങളിലായി വെള്ളം നിറച്ചുവെച്ചിരുന്ന വലിയ രണ്ടു അലുമിനിയക്കുടങ്ങളിൽ വലതുഭാഗത്തുള്ള കുടത്തിൽ കയ്യിട്ട് അതിലുണ്ടായിരുന്ന ഒരു ഒറ്റരൂപാ നാണയമെടുത്ത് ബാപ്പുട്ടി ബിസ്മി ചൊല്ലി പോക്കറ്റിലിട്ടു. 'ഇനിയെല്ലാം ശുഭം' എന്ന മട്ടിൽ എല്ലാവരുടെയും മുഖത്ത് ഒരു സംതൃപ്തഭാവം. ആ നാട്ടിൽ അതുവരെ ഇല്ലാതിരുന്ന ഒരു പുതിയ സംഗതിയായിരുന്നു ഈ കുടംപരിപാടി. മഹല്ല് പള്ളിയിൽ പുതുതായി സ്ഥാനമേറ്റ മുസ്‌ല്യാരുടെ പരിഷ്കാരമായിരുന്നു അത്. കുറഞ്ഞ ദിവസങ്ങൾ കൊണ്ട് മുസ്‌ല്യാർ ഇത്തരം പല പരിഷ്കാരങ്ങളും നാട്ടിൽ നടപ്പിലാക്കിയതിനാൽ നാടുകാർക്കിടയിൽ ആ മുസ്‌ല്യാർ ഒരു മഹാപണ്ഡിതനാണ്.
ബാപ്പുട്ടി സൗദിഅറേബ്യയിലെത്തി. ഒരു അറബി വീട്ടിലാണ് ജോലി. എന്നാൽ പറഞ്ഞുകേട്ട കഥകളിൽ നിന്നും വ്യത്യസ്തമായി നല്ല സ്നേഹമുള്ള ഒരു അറബിയെയാണ് ബാപ്പുട്ടിക്ക് കിട്ടിയത്. അദ്ദേഹം ബാപ്പുട്ടിയെകൊണ്ട് വാഹനമോടിക്കാനുള്ള ലൈസൻസ് എടുപ്പിച്ചു. ചിലപ്പോൾ വീട്ടുജോലി. മറ്റുചിലപ്പോൾ അറബിയുമായി യാത്ര. ഏതു യാത്രയിലും ബാപ്പുട്ടിതന്നെയാണ് ഡ്രൈവ് ചെയ്യാറ്. താമസം, ഭക്ഷണം, ആവശ്യത്തിന് വിശ്രമം, കൃത്യസമയത്ത് ശമ്പളം. നല്ലവനായ ആ അറബിയെ ബാപ്പുട്ടിക്ക് വലിയ ഇഷ്ടമായി. അറബിക്ക് ബാപ്പുട്ടിയെയും.
രാത്രി ഉറങ്ങാൻ കിടക്കുമ്പോഴാണ് നാടിന്റെയും വീടിന്റെയുമൊക്കെ ചിത്രങ്ങൾ ഓരോന്നായി മനസ്സിലേക്ക് വരിക. ആലോചിച്ചും കണക്കുകൂട്ടലുകൾ നടത്തിയും കുറച്ചു നേരമങ്ങനെ തിരിഞ്ഞും മറിഞ്ഞും കിടക്കും. പിന്നെ പതുക്കെ ഉറക്കത്തിലേക്ക്. ഇപ്രകാരം ബാപ്പുട്ടിയുടെ ഓരോ ദിനവും മാറ്റമില്ലാതെ തുടർന്നു.
അന്നൊരു വ്യാഴാഴ്ചയായിരുന്നു. പതിവുപോലെ അന്നു രാത്രിയും ബാപ്പുട്ടി ആലോചനയിലാണ്ടു. താൻ അന്ന് ഗള്‍ഫ് യാത്രക്കായി പുറപ്പെടാന്‍ നേരത്ത് വെള്ളംനിറച്ച കുടത്തിൽ കയ്യിട്ടതും അതിലുണ്ടായിരുന്ന ഒറ്റരൂപാ നാണയം എടുത്തു പോക്കറ്റിലിട്ടതും എല്ലാം ബാപ്പുട്ടി ഒരിക്കൽക്കൂടി ഓർത്തു. അത് സൂക്ഷിച്ചു വെക്കണമെന്ന് മുസ്‌ല്യാരുടെ നിർദ്ദേശം ഉണ്ടായിരുന്നതിനാൽ ബാപ്പുട്ടി ആ നാണയം പെട്ടിയിൽ വളരെ ശ്രദ്ധയോടെ സൂക്ഷിച്ചു വെച്ചിട്ടുണ്ട്. തനിക്കു കിട്ടിയ ഈ നല്ല അറബിയും, അദ്ദേഹത്തിൻറെ കീഴിലുള്ള ഈ ജോലിയും, എല്ലാത്തിന്റെയും പിന്നിൽ മുസ്‌ല്യാർ ചെയ്ത ആ കുടംസേവയാണ് എന്നും, ഈ ഒറ്റരൂപാ നാണയം കൈവശം ഇരിക്കുന്നിടത്തോളം കാലം തനിക്ക് ഐശ്വര്യം ഉണ്ടാകും എന്നുമൊക്കെയാണ് ബാപ്പുട്ടി ഇതുവരെ വിശ്വസിച്ചിരുന്നത് എങ്കിലും ഈയിടെയായി ബാപ്പുട്ടിയുടെ ശ്രദ്ധയും ചിന്തയും മറ്റൊരുവഴിക്ക് തിരിഞ്ഞിരിക്കുന്നു. ബാപ്പുട്ടി ആലോചിച്ചു., ഇന്ന് വ്യാഴാഴ്ചയാണ്. നാട്ടിലാണെങ്കിൽ ഇന്നത്തെ ദിവസം ഇശാ നമസ്കാരം കഴിഞ്ഞാൽ സ്വലാത്ത് മജ്‌ലിസ്, ഹദ്ദാദ് എന്നിവയെല്ലാം കഴിഞ്ഞിട്ടേ ഇമാം മൈക്ക് ഒഫാക്കുകയുള്ളൂ. അതുവരെ ആ പരിസരമാകെ ശബ്ദ മുഖരിതമായിരിക്കും. എന്നാൽ താനിവിടെ വന്നിട്ട് ഏകദേശം ഒരു വർഷത്തോടടുക്കുന്നു. താൻ കണ്ട പള്ളികളിലൊന്നും അങ്ങനെയൊരു കാര്യവും നടക്കുന്നതായി ഇന്നോളം കണ്ടിട്ടില്ല. മാത്രവുമല്ല, നാട്ടിലെ പള്ളികളിൽ നമസ്കാരം കഴിഞ്ഞാൽ 'സുബ്ഹാനല്ലാഹ്', 'അൽഹംദുലില്ലാഹ്', 'അല്ലാഹു അക്ബർ'.. പിന്നെ "അഫ്ദലദ്ദിക്ർ" എന്നൊക്കെ ഇമാം ചൊല്ലിപ്പിക്കുകയും തുടർന്ന് നീണ്ട ഒരു കൂട്ടപ്രാർത്ഥന നടത്തുകയും ചെയ്യുന്ന പതിവാണുള്ളത്. എന്നാൽ ഇത് മുത്ത്റസൂൽ(സ) ജനിച്ച മണ്ണാണ്. അദ്ദേഹം നേരിട്ട് മതകാര്യങ്ങൾ പഠിപ്പിച്ച നാടാണ്. എന്നിരിക്കെ ഇവിടുത്തെ ഒരൊറ്റപ്പള്ളിയിൽ പോലും അങ്ങനെയൊരു സമ്പ്രദായം കാണുന്നേയില്ല. മറിച്ചു നമസ്കാരശേഷം ഓരോരുത്തരും സ്വന്തമായി ദിക്ർ ചൊല്ലുകയും പ്രാർഥിക്കുകയുമൊക്കെ ചെയ്യുന്ന കാഴ്ചയാണ് എവിടെയുമുള്ളത്. ഇവിടുത്തെ ഒട്ടുമിക്ക പള്ളികളിലും സ്ത്രീകൾക്ക് പ്രത്യേക സൗകര്യങ്ങളുണ്ട്. ബാച്ചിലേഴ്സ് മാത്രമായി താമസിക്കുന്ന ചില ക്യാമ്പുകളുടെ പരിസരങ്ങളിൽ മാത്രമേ സ്ത്രീകളില്ലാത്ത പള്ളികൾ കണ്ടിട്ടുള്ളൂ., റമദാനിൽ തിരക്ക് വർധിച്ചപ്പോൾ സ്ത്രീകളോട് സ്വഫ് ശരിയാക്കാൻ ഇമാം പ്രത്യേകം ഉണർത്തുന്നതുപോലും ഈയിടെ താൻ കേട്ടിട്ടുണ്ട്. തന്റെ നല്ലവനായ ഈ അറബി യാത്രകളിൽപോലും നമസ്കാര വിഷയത്തിൽ കൃത്യനിഷ്ഠ പാലിക്കുന്നവനാണ്. യാത്രയിലെ ജംഅ്, കസ്ർ എന്നിവയെല്ലാം താൻ പഠിച്ചതുതന്നെ ഈ മനുഷ്യനിൽ നിന്നാണ്. എന്നാൽ ഇന്നേവരെ അദ്ദേഹത്തിൻറെ വീട്ടിലോ ഓഫീസിലോ നമ്മുടെ നാട്ടിൽ കാണുന്നതുപോലെയുള്ള മാലമൗലിദുകളും, ഹദ്ദാദ് റാത്തീബുകളും നടത്തുന്നതായി കണ്ടിട്ടില്ല. ഈ നാട്ടിലെവിടെയും ജാറങ്ങൾ കാണുന്നില്ല. ജാറംമൂടൽ, അവിടെ തിരികത്തിക്കൽ, നേർച്ച നടത്തൽ എന്നിത്യാദി കാര്യങ്ങളൊന്നും മുത്തുനബിയുടെ ഈ നാട്ടിൽ ഇല്ലെങ്കിൽ പിന്നെ എന്താണിതിന്റെയൊക്കെ അർഥം?. ബാപ്പുട്ടിയുടെ ചിന്തകള്‍ക്ക് ജീവന്‍ വെച്ചിരിക്കുന്നു. നാട്ടിലെ മുസ്‌ല്യാക്കന്മാരുടെ കൊപ്പിരാട്ടികള്‍ ബാപ്പുട്ടി തിരിച്ചറിഞ്ഞിരിക്കുന്നു.
ബാപ്പുട്ടിയുടെ നല്ല ചിന്തകൾ പള്ളികളിൽ വെച്ചു കാണാറുള്ള ചില മുജാഹിദ് സുഹൃത്തുക്കളുമായി അടുക്കാൻ കാരണമായി. ദിനേനെയെന്നോണം ആ അടുപ്പം വർദ്ധിച്ചുവന്നു. ബാപ്പുട്ടിയുടെ ചിന്താധാരയ്ക്ക് ദിശാബോധം നല്കി ആ അടുപ്പം വളർന്നു. തന്റെ ഈ ഗൾഫുജീവിതം ഇഹലോക വിജയത്തെക്കാളുപരി പരലോക വിജയത്തിന് കാരണമായിത്തീർന്നു എന്ന തിരിച്ചറിവ് ബാപ്പുട്ടിയിൽ കുളിരും രോമാഞ്ചവുമുണ്ടാക്കി. അതിന് അല്ലാഹുവിനോട് സ്തുതി പറഞ്ഞുകൊണ്ട് ബാപ്പുട്ടി സുജൂദിലേക്ക് വീണു.
നാളെ നാട്ടിലേക്ക് പോവുകയാണ്. രണ്ടു വർഷം കഴിഞ്ഞുള്ള ആദ്യത്തെ നാട്ടിൽപോക്ക്. അന്ന് ബാപ്പുട്ടിക്ക് ഉറക്കം വന്നില്ല. വീട്, കുടുംബം, മക്കൾ.. ഓരോന്നും ആലോചിച്ചുകൊണ്ട് സന്തോഷ നിമിഷങ്ങൾ തള്ളിനീക്കി. വീടിന്റെ തറപ്പണി തീർത്തു വെച്ചിട്ടുണ്ട്. പറ്റുമെങ്കിൽ ബാക്കി പണി തുടങ്ങി വെക്കണം. ചിന്തകളിൽ പലതും ചിട്ടപ്പെടുത്തിയെങ്കിലും പ്രധാനമായും ബാപ്പുട്ടി തീർച്ചപ്പെടുത്തിയത് തനിക്കു ലഭിച്ച നേർവഴി, ഈ സത്യസന്ദേശം തന്റെ കുടുംബത്തെയും, നാട്ടുകാരെയും ബോധ്യപ്പെടുത്തണം എന്നതായിരുന്നു. അതിന് തന്നെക്കൊണ്ടാവുന്ന എന്തും ചെയ്യണം. തന്റെ ചെലവിൽ പ്രബോധന പ്രവർത്തനങ്ങൾ നടത്തണം. ചിന്തകൾക്കിടയിലെപ്പോഴോ ബാപ്പുട്ടി ഉറക്കത്തിലേക്ക് വീണു.
==================== അബൂറസീല്‍ ====================
No comments:
Post a Comment