ബീരാനിക്ക കണ്ട ജിന്ന്


കദേശം മുപ്പത് കൊല്ലം മുൻപത്തെ ഒരു കഥയാണിത്. തെക്കെപള്ളിക്കാട് പേരുപോലെ ഒരു കാട് തന്നെയായിരുന്നു. വലിയ വേപ്പുമരങ്ങളും,  തിങ്ങിനിറഞ്ഞ കുറ്റിച്ചെടികളും, മുള്ളുകള്‍ നിറഞ്ഞ കള്ളിച്ചെടികളും, നായ്ക്കുരണച്ചെടികളും, അങ്ങനെയങ്ങനെ ഇടതൂർന്ന ഒരു കൊച്ചുകാട്. നായ്ക്കളുടെയും കുറുക്കന്മാരുടെയും ഇഷ്ടതാവളം. പാമ്പുകളും തേളുകളും കുടുംബത്തോടെ കഴിയുന്നയിടം. നേർത്ത വെള്ളത്തുണി കൊണ്ട് വായ്ത്തല മൂടിക്കെട്ടിയ ചെറുകുടങ്ങളും, കരിക്ക്, കോഴിമുട്ട എന്നിവയുമൊക്കെ ഇത്തരം പള്ളിക്കാടുകളിലെ സ്ഥിരം കാഴ്ചകളാണ്. എല്ലാം സിഹ്റ് ചെയ്യിപ്പിച്ചു കൊണ്ടിടുന്നതാണ്. അതിനാൽ ആരും അതൊന്നു തൊട്ടുനോക്കുകപോലും ചെയ്യില്ല.

ഇതോടൊപ്പം രസകരമായ മറ്റൊരു  കാഴ്ചകൂടിയുണ്ടവിടെ. തെങ്ങോലയില്‍ മെടഞ്ഞുണ്ടാക്കുന്ന 'ഓലവട്ടി' എന്നൊരു സഞ്ചിയുണ്ടായിരുന്നു അക്കാലത്ത്. പത്തുപൈസ കൊടുത്താൽ മത്സ്യമാർക്കറ്റിന്റെ പരിസരത്തുള്ള കടകളിൽ സുലഭമായി കിട്ടുമായിരുന്ന ആ സഞ്ചിയിലാണ് വീട്ടിലേക്കുള്ള മീൻ വാങ്ങിക്കൊണ്ടു വരിക. പിന്നീട് ആ സഞ്ചി വെയിലത്തിട്ടുണക്കി കേടുവരുവോളം ഉപയോഗിക്കുന്ന പതിവുമുണ്ടായിരുന്നു. എന്നാൽ പ്രസവിച്ച ആടുകളുടെ മറുപിള്ള ഇത്തരം  ഓലവട്ടികളിൽ ചുരുട്ടിക്കെട്ടി ചെറു മരങ്ങളുടെ ചില്ലകളിൽ തൂക്കിയിടുന്ന ഒരു സമ്പ്രദായം അന്നത്തെ പള്ളിക്കാടുകളിലെ ഒരു പ്രധാന കാഴ്ചകളിലൊന്നായിരുന്നു. അങ്ങനെ ചെയ്യാതിരുന്നാൽ ആടിന് പാല് കുറയും എന്നതായിരുന്നുവത്രെ വിശ്വാസം. ചെറുതും, വലുതും, പുതിയതും, പഴകിയതുമൊക്കെയായി മരച്ചില്ലകളിൽ തൂങ്ങിയാടുന്ന ഈ ഓലവട്ടികളും, ആ  വട്ടികളിലൂടെ നോട്ടം താഴേക്ക് പതിയുമ്പോൾ കാണുന്ന ക്വബ്റുകളും ഇത്തരം ശ്മശാനങ്ങളുടെ ഭീതിപ്പെടുത്തുന്ന കാഴ്ചകളാണ്.
 
പഴയ മസ്ജിദുകളൊക്കെ ഇപ്രകാരം ശ്മശാനങ്ങളാൽ ചുറ്റപ്പെട്ട നിലയിലാണ് സ്ഥിതി ചെയ്തിരുന്നത്. ഇരുവശങ്ങളിലും ശ്മശാനങ്ങളുള്ള ഇടവഴികളിലൂടെ അധികദൂരം നടന്നിട്ടുവേണം പള്ളിയുടെ അടുത്തെത്താൻ. അതിനാൽ അസമയത്ത് അതിലൂടെയുള്ള നടത്തം മിക്ക ആളുകൾക്കും ഭയമാണ്. രാത്രികാലങ്ങളിൽ ക്വബ്റുകളിൽ നിന്നും റൂഹാനികളും, ജിന്നുകളും പുറത്തുവന്നു സ്വൈരവിഹാരം നടത്തുമെന്നും- ആ സമയത്താണ് നായ്ക്കളും കുറുക്കന്മാരുടെയുമൊക്കെ ഓരിയിടുന്നത് എന്നൊക്കെയുള്ള പൊടിപ്പും തൊങ്ങലുംവെച്ച കഥകൾ കേൾക്കാത്തവരും, പറയാത്തവരും അക്കാലത്ത് വിരളമായിരുന്നു.
 
ഒരുദിവസം ബീരാനിക്ക അതിരാവിലെ പള്ളിയിലേക്കായി പുറപ്പെട്ടതായിരുന്നു. സമയം ഏകദേശം ഒരു മൂന്നര മണിയായിക്കാണും. എന്നുവെച്ചാൽ തലാങ്ക് വിളിക്കുന്നതിനും മുൻപ്. പൊന്നാനിയിലെ മിക്ക പള്ളികളിലും സുബ്ഹ്ബാങ്കിന്റെ ഒരു മണിക്കൂറോളം മുന്നെ തഹജ്ജുദ് നമസ്കാരത്തിനായി വിളിക്കുന്ന ബാങ്കുവിളിയെയാണ് തലാങ്ക് എന്ന് പറയപ്പെടുന്നത്. തലബാങ്ക് ചുരുങ്ങി തലാങ്ക് ആയതാകാം. നാലു കട്ടയിടുന്ന വലിയ ടോർച്ചുലൈറ്റും മിന്നിച്ചുകൊണ്ട് ബീരാനിക്ക ഇരുട്ടിനെ കീറിമുറിച്ചു നടന്നു. മുറ്റിനിന്ന നിശയുടെ നിശബ്ദതയെ ഭേദിച്ചുകൊണ്ട് ദൂരെയെവിടെനിന്നോ നായ്ക്കളുടെ കുരകേൾക്കാം. കുപ്പായമിടാത്ത മേനിയിൽ തലോടിപ്പോയ ചെറുകാറ്റ്‌ നേരിയ കുളിര് സമ്മാനിച്ചു. ആ ഇളംകുളിര് ആസ്വദിച്ചുകൊണ്ടുനടന്ന ബീരാനിക്ക പ്രധാനറോഡിൽ നിന്നും പള്ളിയിലേക്കുള്ള ഇടവഴിയിലേക്കു തിരിഞ്ഞു. ഇനിയങ്ങോട്ട് പള്ളിവരെയുള്ള കുറച്ചുദൂരം പള്ളിക്കാടാണ്. ഉമിക്കരികൊണ്ട് പല്ലുതേച്ച് ആ ശ്മശാനമൂകതയിൽ മുന്നോട്ടു നടക്കവെ വലതുഭാഗത്തുള്ള തെങ്ങിന്റെ മണ്ടയിൽനിന്നും ഒരു മൂങ്ങയുടെ മൂളൽ കേട്ടു. പെട്ടന്നാണ് കുറ്റാകുറ്റിരുട്ടിനെ തോൽപിച്ചുകൊണ്ട് അതിനേക്കാൾ കറുത്തനിറമുള്ള തടിച്ചുരുണ്ട ഒരു രൂപം ബീരാനിക്കയുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടത്. ഹെന്‍റള്ളോ....

കണ്ണുതുറന്നു നോക്കുമ്പോൾ ബീരാനിക്ക തൊട്ടടുത്തുള്ള ആസ്പത്രിക്കിടയ്ക്കയിലായിരുന്നു. തലയില്‍ തുന്നിക്കെട്ടിയ വലിയ മുറിവുണ്ട്. ചുറ്റുപാടും ബന്ധുക്കളും സുഹൃത്തുക്കളും കൂട്ടംകൂടി നിൽക്കുന്നു. എല്ലാവരുടെയും മുഖത്ത് എന്താണ് സംഭവിച്ചത് എന്നറിയാനുള്ള തിടുക്കമുണ്ടായിരുന്നു. ഇതു മനസ്സിലാക്കിയ ബീരാനിക്ക പിന്നെ ഒട്ടും അമാന്തിച്ചില്ല., നെറ്റിയിലെ വേദന വകവെക്കാതെ നടന്ന സംഭവമങ്ങ് വിവരിച്ചുതുടങ്ങി. വേദനകൂടുമ്പോൾ ഇടയ്ക്കിടെ നിറുത്തിക്കൊണ്ട്‌ ബീരാനിക്ക താൻകണ്ട ഭീകരരൂപത്തെ വർണ്ണിക്കുകയാണ്. കഥകേട്ടു ചുറ്റുമുള്ളവർ പരിസരബോധം മറന്നു അന്തംവിട്ടുനിന്നു. താൻ കണ്ട ജിന്നിനെ ബീരാനിക്ക വർണ്ണിച്ചതിങ്ങനെ. 'കറുത്തിരുണ്ട ഭീമാകാരമായ രൂപം., നെറ്റിയിൽ വലിയ ഒരു ഉണ്ടക്കണ്ണ്., മൂക്കിലൂടെ പുറത്തേക്കുന്തിയ കൂർത്ത കൊമ്പുകൾ., ചോരയൊലിക്കുന്ന രണ്ടു കോമ്പല്ലുകൾ., ദാ... ഇമ്മാതിരി വണ്ണമുള്ള കൈതണ്ടയും കാൽതണ്ടയും., വലത്തെ കാല് പള്ളിക്കാടിന്റെ ഇങ്ങ്യെ മതിൽകെട്ടിലും ഇടതുകാല് പള്ളിക്കുളത്തിന്റെ അങ്ങ്യെ പടിക്കെട്ടിലുമായി എന്റെ നേരെ തിരിഞ്ഞൊരു നിൽപ്പായിരുന്നു. ഒരൊറ്റനോട്ടമേ നോക്കിയുള്ളൂ... പിന്നെയെനിക്കൊന്നും ഓർമ്മയില്ല.

ബീരാനിക്ക കണ്ട ജിന്നിന്റെ കഥ നാടെങ്ങും പാട്ടായി. ചുണ്ടുകളും കാതുകളും ഒറ്റക്കെട്ടായി പ്രചരണം ഏറ്റെടുത്തപ്പോൾ ജിന്നുകഥയ്ക്ക്‌ അനുദിനം എരിവും പുളിയുമൊക്കെ കൂടിവന്നു. അതങ്ങനെയേ സംഭവിക്കൂ.. ജിന്ന്..ശൈത്വാൻ.. പ്രേത കഥകളൊക്കെ പെട്ടന്ന് പ്രചാരം നേടും. അതിന്റെ പേരിൽ മുളച്ചുപൊന്തുന്ന ചികിത്സാ കേന്ദ്രങ്ങളും, അതിനുവേണ്ടി പ്രവർത്തിക്കുന്നവരുമെല്ലാം വളരെവേഗം ജനശ്രദ്ധ പിടിച്ചുപറ്റും. കാലം എന്നും അതിനു സാക്ഷിയായിട്ടുണ്ട്. അന്നും, ഇന്നും,ഇപ്പോഴും.
 
ആസ്പത്രിയിൽനിന്നും ഡിസ്ചാർജ് വാങ്ങുന്നദിവസം ബീരാനിക്കയെ ചികിത്സിച്ചിരുന്ന ഡോക്ടർവന്നു ബീരാനിക്കയോട് സ്വകാര്യമായി ഇപ്രകാരം പറഞ്ഞു. "ബീരാനിക്കാ.. നിങ്ങൾ കണ്ട ജിന്നിനെ കുറിച്ചു ഞാനും കേട്ടിരുന്നു. അന്നുതന്നെ ആ ജിന്നിനെ എനിക്കും കാണണമെന്ന ഒരാഗ്രഹമുണ്ടായി. പോയി നോക്കിയപ്പോൾ കാണുകയും ചെയ്തു". ഡോക്ടർ പറഞ്ഞത് കേട്ടു ബീരാനിക്ക അമ്പരന്നുപോയി. " ഹേ ... ടാക്കട്ടറും കണ്ടെന്നോ?!..".. "അതെ ബീരാനിക്കാ.. ഞാൻ കണ്ടതാണ്.. സത്യമാണ് ഞാൻ പറഞ്ഞത്".
 
പള്ളി ആസ്പത്രിയുടെ തൊട്ടടുത്തായിരുന്നതിനാൽ നല്ലവനായ ആ ഡോക്ടർ ബീരാനിക്കയെയും കൂട്ടി സംഭവ സ്ഥലത്തെത്തി. എന്നിട്ട് നേരെകണ്ട പാറക്കല്ലിൽ കൊത്തിയുണ്ടാക്കിയ ഒരു വലിയ മീസാൻകല്ല് ചൂണ്ടിക്കാണിച്ചുകൊണ്ട് പറഞ്ഞു. "അതാണ്‌ ബീരാനിക്ക കണ്ട ജിന്ന്., സംഭവം നടന്ന തലേന്നാൾ വരെ ബീരാനിക്ക ഇതു കണ്ടിട്ടില്ലായിരുന്നു. കാരണം, കാലങ്ങളായി ഇവിടെ മൊത്തം കാടുപിടിച്ചു കിടന്നതിനാൽ ഈ മീസാൻ ആർക്കും കാണാൻ സാധിക്കില്ലായിരുന്നു. ഇപ്പോൾ ആരൊക്കെയോ മുൻകയ്യെടുത്തു ഇതൊന്നു വെട്ടി വൃത്തിയാക്കി. താങ്കളാകട്ടെ ഇതൊന്നും അറിഞ്ഞതുമില്ല. അതുകൊണ്ടാണ് പാതിരാത്രിക്കു ശേഷം ഇതുവഴിവന്ന താങ്കൾ ഈ മീസാങ്കല്ലിനെ കണ്ടു പേടിച്ചതും, ബോധംകെട്ടു വീണതും. വീഴ്ചയിൽ തല ഈ മതിൽകെട്ടിലിടിച്ചു മുറിവ് പറ്റുകയും ചെയ്തു".
 
 ഡോക്ടർ പറഞ്ഞത് ശരിക്കും ബോധ്യമായ ബീരാനിക്ക താൻ ഇതുവരെ പറഞ്ഞു പ്രചരിപ്പിച്ച ഇല്ലാകഥകളോർത്ത് ലജ്ജിച്ചു. ആ ജാള്യത മറച്ചുവെക്കാനെന്നോണം ഇപ്രകാരം പറഞ്ഞു. "ഞാൻ കണ്ട ആ സാധനം അനങ്ങുന്നുണ്ടായിരുന്നല്ലോ!"
 
"ഇല്ല ബീരാനിക്കാ ..  ദാ.. അതുകണ്ടോ.. അതിനോട് ചേർന്നു വെട്ടേറ്റു തൂങ്ങുന്ന ഒരു ഉണങ്ങിയ മരക്കൊമ്പ് കണ്ടോ. അത് കാറ്റുകൊണ്ട്‌ ആടിയപ്പോൾ താങ്കൾക്ക് തോന്നിയതാണത്. മനസ്സിൽ ഭയം നിറഞ്ഞാൽ പിന്നെ അങ്ങനെയൊക്കെ ഉണ്ടാകും".
 
ഡോക്ടർ നല്കിയ കൃത്യമായ വിവരണത്തിനുമുന്നിൽ പിന്നെ ബീരാനിക്കാക്ക് പിടിച്ചു നിൽക്കാനായില്ല. നാണക്കേട്‌ നിമിത്തം ബീരാനിക്ക തലചൊറിഞ്ഞു നിന്നു.
 
====================  അബൂറസീല്‍  ====================

No comments:

Post a Comment